ഐതിഹ്യം

മാവിലായി നാടിന്റെ ഐശ്വര്യമായി വിളങ്ങുന്ന ക്ഷേത്രം പൂർവ്വകാലംതൊട്ടെ വളരെ പ്രൗഢിയോടെ മലബാറിലാകെ പേരെടുത്തിരുന്നു. വില്ല്യം ലോഗന്റെ മല ബാൽ മാന്വലിൽ പലയിടത്തായി മാവിലാക്കാവിനെയും അടിയുത്സവ ത്തെയുംകുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അടിയുത്സവം കൊണ്ട് ലോകശ്രദ്ധപിടിച്ചു പറ്റുകയും ജനബാഹുല്യം കൊണ്ട് സമ്പന്നവുമാണ് ക്ഷേത്ര ഉത്സവങ്ങൾ

അതിപുരാതന കാലത്ത് അധഃസ്ഥിതരായിരുന്നവർ ആരാധിച്ചിരുന്ന ഭഗവതി സങ്കൽപ്പങ്ങൾ രക്തഗുരുസിപോലുള്ള കർമ്മങ്ങൾ നടത്തിയിരുന്നു. അത്തരം പൂജാ കർമ്മങ്ങൾ നടന്നിരുന്ന കുറത്തിപ്പാല ഭഗവതി സങ്കൽപ്പസ്ഥാനമാണ് ഇന്ന് മാവിലാ ക്കാവ് സ്ഥിതിചെയ്യുന്നത്.

പെരളശ്ശേരി കോവിലകത്തില്ലത്ത് തങ്ങൾ മാവില വംശത്തിലെ യുവതിയെ പരിഗ്രഹിക്കുകയും കാടാച്ചിറക്ക് അടുത്ത കച്ചേരി ഇല്ലത്ത് താമസമാക്കുകയും ചെയ്യവെ തനിക്കും തൻ്റെ മക്കൾക്കും ആരാധിക്കുന്നതിനായി ദൈവത്താർ വിഗ്രഹം പണികഴിപ്പിച്ച് ഇല്ലത്തെ തെക്കിനി മുറിയിൽ സൂക്ഷിക്കുകയും, മുറ ജപത്തിനായി പോയി തിരികെ വന്ന തങ്ങൾ വിഗ്രഹം കാണാതെ പരിഭ്രമിച്ചു. പ്രശ്‌ന ചിന്തയിൽ മാവിലായിയിലെ കുന്നോത്ത് പച്ചയിൽ വിഗ്രഹമുണ്ടെന്നും അവിടെ ക്ഷേത്രം പണി യണമെന്നും അറിവായി. ഇന്നത്തെ കുന്നോത്തിടത്തിൽ ആദ്യത്തെ മാവിലാക്കാവ് അങ്ങനെ സ്ഥാപിതമായി. കാലാന്തരത്തിൽ ക്ഷേത്രം വിപുലീകരിച്ച് നിർമ്മിക്കുന്ന തിനായി തേനമ്പറ്റ മലയിൽ നിർമ്മാണ സാമഗ്രികൾ സ്വരുക്കൂട്ടുകയും നിർമ്മാണ ത്തിനായി എത്തിയപ്പോൾ സാധന സാമഗ്രികൾ ഒന്നും തന്നെ അവിടെ കാണാതാ യി. തുടർന്ന് പ്രശ്‌നചിന്തയിൽ സാധനസാമഗ്രികളെല്ലാം ഇന്ന് മാവിലാക്കാവ് സ്ഥിതിചെയ്യുന്ന സ്ഥലത്തുണ്ടെന്നും അവിടെ ക്ഷേത്രം പണിയുന്നതാണ് കുറത്തി പ്പാല ഭഗവതിക്ക് താല്‌പര്യമെന്ന് കാണുകയും ക്ഷേത്രം ഇന്നുകാണുന്ന സ്ഥലത്ത് നിർമ്മിച്ച് പ്രതിഷ്‌ഠ നടത്തുകയുണ്ടായി.

വൈഷ്‌ണവ ചൈതന്യമുള്ള ശാസ്‌താപൂജയോടുകൂടിയ ശ്രീ ദൈവത്താറും, ശിവചൈതന്യമുള്ള ശ്രീ വേട്ടക്കൊരുമകനുമായിരുന്നു ആദ്യപ്രത്ഷ്ഠകൾ. 2003ൽ ശ്രീ ഗണപതിക്ക് ശ്രീ കോവിൽ നിർമ്മിച്ച് പ്രതിഷ്‌ഠ നടത്തുകയുണ്ടായി.

മാവിലായി വില്ലേജിൻ്റെ ഒത്തമദ്ധ്യഭാഗത്ത് ചെറിയകുന്നിൽ ഭംഗിയേറിയ കുളവും 54 പടവുകൾക്ക് മുകളിൽ ശ്രീ ദൈവത്താറീശ്വരനും, ശ്രീ വേട്ടക്കൊരുമ കനും ശ്രീ ഗണപതിയും മതിലിന് പുറത്ത് തെക്ക് കിഴക്ക് ഭാഗത്തായി ഉഗ മൂർത്തിയും ശാന്തമൂർത്തികളുമായി ശ്രീ കുറത്തിപ്പാല ഭഗവതിമാരും അനുഗ്രഹം ചൊരിഞ്ഞ് സ്ഥിതി ചെയ്യുന്നു.

105 വർഷങ്ങൾക്ക് മുമ്പെ ഇന്ന് നാം കാണുന്ന ശ്രീകോവിലും ചുറ്റമ്പലവും നിർമ്മിക്കുകയും ക്ഷേത്രസംരക്ഷണ സമിതി നിലവിൽവന്ന ശേഷം ഗോപുരം, തിരു നട, അഗ്രശാല, നടപ്പന്തൽ, ഊട്ടുപുര, ചുറ്റുമതിൽ തുടങ്ങിയവയും നിർമ്മിക്കുകയു ണ്ടായി. ഉദാരമതികളായ ഭക്തജനങ്ങളുടെയും ക്ഷേത്ര ഊരാളന്മാരുടെയും അകമ ഴിഞ്ഞ സഹായസഹകരണങ്ങളാലാണ് വളരെയധികം നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നത്തെ രീതിയിൽ പൂർത്തീകരിച്ചത്.

ഊരാളന്മാരും ഉപക്ഷേത്രങ്ങളും

ഉപക്ഷേത്രങ്ങൾ: എട്ടിടങ്ങൾ, മഠം, കുന്നോത്തിടം എന്നിവയാണ് ശ്രീ മാവിലാക്കാ വിൻ്റെ ഉപക്ഷേത്രങ്ങൾ.

1. ക്ഷേത്രത്തിന്റെ ആവിർഭാവത്തിന് കാരണമായ കച്ചേരി ഇല്ലം (മഠം) ഇന്നത്തെ കച്ചേരിക്കാവ്, ആദ്യക്ഷേത്ര പ്രതിഷ്ഠ നടത്തിയ കുന്നോത്ത് ഇടം, മൂത്ത കൂർവാടിലെ ഇടങ്ങളായ കുനിമ്മൽ, പാറേത്ത്, പഴയിടം, ചിരുകണ്ടോത്ത്, കൈയ്യന്നേരി, മനിയേരി, കരിമ്പിലാട്ട് ഇടങ്ങൾ.

2. ഉത്സവത്തോടനുബന്ധിച്ച് ഇപ്പോൽ ദൈവത്താർ പോകാറില്ലാത്ത കോട്ടം ഇടം എന്നിങ്ങനെയാണ് ഉപക്ഷേത്രങ്ങൾ. ഇതിൽ കച്ചേരിക്കാവ് പ്രത്യേക പ്രാധാന്യം കൽപ്പിക്കപ്പെടുന്നു. ഇന്നത്തെ കടമ്പൂർ, മക്രേരി, മാവിലായി വില്ലേ ജുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ കിലോമീറ്ററുകളോളം ദൂരത്തിലാണ് ഇട ങ്ങൾ സ്ഥിതിചെയ്യുന്നത്.

ക്ഷേത്ര ഊരാളന്മാർ

ശ്രീ മാവിലാക്കാവിൽ 8 ഊരാളന്മാരണ് ഉള്ളതെന്നാണ് അറിവ്. 1958ൽ ക്ഷേത്രവും സ്വത്തുക്കളും സർക്കാർ ഏറ്റെടുക്കുന്നതിന് മുമ്പുവരെ ഊരായ്മ തറവാ ട്ടുകാരുടെ അധഃപതനവും നാട്ടിലെ സാമ്പത്തിക വിഷമതകളും എല്ലാ ക്ഷേത്രങ്ങ ളെയും പോലെ ശ്രീ മാവിലാക്കാവിനെയും ബാധിക്കുകയുണ്ടായി. ഓരോ ഊരാള ന്മാരും വിഷു ഉത്സവവേളയിൽ ഓരോ ഇടത്തിലും അരി ഇടുന്നതിനായി അരിയും പഴങ്ങളും തേങ്ങയും എത്തിക്കേണ്ടതുണ്ട്. വിഷു ഉത്സവവേളയിൽ ഇടങ്ങളിലെ അരിത്തറയിൽ അരിയിടുന്നതു താനിച്ചേരി കോറോത്ത് തറവാട്ടിലെ കാരണവരാ

ഊരായ്മ്‌മതറവാട്ടുകാരുടെ പേരുകൾ

1. പാറേത്ത് തറവാട് പാറേത്തിടം

2. ആയില്യത്ത് കുന്നോത്തിടം

3. ആയില്യത്ത് മേലെവീട് കുന്നോത്തിടം

4. താനിച്ചേരി കോറോത്ത് കുനിമ്മൽ ഇടം

5. കരിമ്പിലാടൻ തറവാട് കരിമ്പിലാട്ട് ഇടം

6. വയക്കര പടന്നക്കോട് ചിരുകണ്ടോത്ത് ഇടം

7. ആലന്തോടൻ കൈയ്യിന്നേരി ഇടം

8. കൊക്കുറകണ്ണോത്ത് പഴയിടം

കച്ചേരിക്കാവ് മഠം അവകാശികൾ കൂടയ്ക്കൽ മാവിലാ തറവാട്ടുകാരണ്. ഇതിൽ മനിയേരി ഇടം യാത്രാമദ്ധ്യേ മഴയും കാറ്റും കാരണം ദൈവത്താറും പരിവാ രങ്ങളും ഓടിക്കയറിയ സ്ഥലമാണെന്നും, മനിയേരി തറവാട്ടുകാർ ഈശ്വരനെയും പരിവാരങ്ങളെയും മറ്റിടങ്ങളിലെന്നപോലെ സ്വീകരിച്ചുവെന്നുമാണ് ഐതീഹ്യം. മനിയേരി ഇടത്തിൽ മനിയേരി തറവാട്ടുകാർ തന്നെയാണ് അരിയും സാധനങ്ങളും നൽകുന്നത്. പഴയിടത്തിൽ ഇപ്പോൾ ഇടം പരിപാലന കമ്മിറ്റിയും ചിരുകണ്ടോത്ത് ഇടത്തിൽ അവകാശികളായിരുന്ന തറവാട്ടുകാർ ഇടം സ്ഥിതിചെയ്യുന്ന പറമ്പ് അരി ഇടുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായി രേഖതീർത്ത് പാറേത്ത് തറവാട്ടിലേക്ക് നൽകുകുയം പാറേത്ത് തറവാട്ടുകാർ അവിടെ ഉത്സവാദികൾക്ക് വേണ്ട അരിയും സാധനങ്ങളും എത്തിക്കുയും ചെയ്യുന്നു. കരിമ്പിലാട്ടിടം തറവാട്ടുകാർ സ്ഥലം വിൽപന നടത്തി നാടുവിട്ടുപോവുകയും, യാദൃശ്ചികമായി ഇപ്പോൾ കരിമ്പിലാട്ട് താമസിക്കുന്നവർ വളരെ ആത്മാർത്ഥയോടെ ഇടം സംരക്ഷിക്കുകയും ചടങ്ങുകൾ നടത്തിവരികയും ചെയ്യുന്നു. കച്ചേരിക്കാവിൽ അരിയും സാധനങ്ങളും എത്തിക്കു ന്നത് കൂടക്കൽ മാവില തറവാട്ടുകാരാണ്.

ശ്രീമാവിലാക്കാവിലെ ഉത്സവങ്ങൾ, വിശേഷ ദിവസങ്ങൾ

1. പ്രതിഷ്‌ഠാദിനം മകരം 12 ( ജനുവരി 26) : ദൈവത്താറീശ്വരനും ഉപദൈവ ങ്ങൾക്കും വിശേഷാൽ പൂജ

2. കുറത്തിപ്പാല പ്രതിഷ്‌ഠാദിം മീനം 8 (മാർച്ച് 22) : വിശേഷാൽ ഗുരുസി, പൂജ കൾ

3. വിഷു ഉത്സവം മേട സംക്രമം മുതൽ മേടം 6 വരെ : ദൈവത്താറീശ്വരന്റെ കോലം തിരുമുടിധരിച്ച് അഞ്ച് ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ വില്ലാട്ടം, തിക്കൽ, അടി, എന്നിചടങ്ങുകളും ആറാട്ട് ഉത്സവാഘേഷവും ചുറ്റുവിളക്കും മേടം 10 ഓടുകൂടി കൈക്കോളന്മാരുടെ പായസത്തോടുകൂടി ഉത്സവത്തിന്റെ സമാപനം കുറിക്കുന്നു.

4. മേലേവീട്ടിൽ അച്ഛൻ്റെ ശ്രാദ്ധം : കർക്കിടകമാസത്തിലെ കാർത്തിക നക്ഷത്രം ക്ഷേത്രത്തിൽ അന്നദാനവും, പായസദാനവും.

5. കർക്കിടക മാസ വിശേഷാൽ അഷ്ടദ്രവ്യ ഗണപതി ഹോമം : കർക്കിടകം ഒന്ന് മുതൽ ചിങ്ങ സംക്രമം വരെ

6. നിറപുത്തരി : ചിങ്ങമാസത്തിലെ ഉത്രാടം നാളിൽ

7. നവരാത്രി : ഗ്രന്ഥംവെപ്പ്, വിജയദശമി വിദ്യാരംഭം

8. മണ്ഡ‌ല ഉത്സവം വൃശ്ചികം 1 മുതൽ ധനു 10 വരെ

വൃശ്ചികം 1 മുതൽ 10 വരെ ശ്രീ വേട്ടക്കൊരുമകൻ പാട്ടുത്സവം, കളത്തിലരിയും പാട്ടും, തേങ്ങമുട്ട്, ഭാഗവത സപ്‌താഹം, തിടമ്പുനൃത്തം, ചുറ്റുവിളക്ക്, നിറമാല എന്നിവ മണ്ഡലകാലത്ത് നടത്തുന്നു.

ചൊവ്വ, വെള്ളി ദിവസങ്ങളും സംക്രമ ദിവസങ്ങളിലും കുറത്തിപ്പാല ഭഗവതി മാർക്കും ഭക്തൻമാർ ഗുരുസി തർപ്പണം സമർപ്പിക്കാവുന്നതാണ്.

മറ്റു പ്രധാന വഴിപാടുകളായി നാഴി അരി മുതൽ നൂറ് നാഴി അരിയുടെ വലിയവ ട്ടളം പായസം, ഗണപതി ഹോമം, തേങ്ങ മുട്ടൽ, ഉദയാസ്‌തമയ പൂജ, പടിപൂജ, കെടാവിളക്ക്, ദീപസ്‌തംഭം തെളിയിക്കൽ, കടുംപായസം, ചെക്കിമാല, കറുകമാല, തുളസിമാല, വില്ല്, ആൾരൂപം, തുടങ്ങിയ നേർച്ചാസാധനങ്ങൾ സമർപ്പിക്കൽ, അഴി വിളക്ക് തെളിയിക്കൽ എന്നിവയും ഭക്തജനങ്ങൾക്ക് മാവിലാക്കാവ് ഈശ്വര സന്നി ധിയിൽ സമർപ്പിക്കാവുന്നതണ്.

ക്ഷേത്രം തന്ത്രി കരുമാരത്തില്ലവും ക്ഷേത്രം മേൽശാന്തി മാധവപ്പള്ളി ഇല്ലവു മാണ്. പാരമ്പര്യമായി വാര്യരും അടിച്ചുതളിയുമുണ്ട്. വാദ്യക്കാരായി നാല് തറവാട്ടു കാർ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ സ്ഥിരമായി ആരുമില്ല. അതുപോലെ വണ്ണ ത്താൻ കുറുപ്പും സ്ഥിരമായി ഇല്ല.

വിഷുഉത്സവം

വിഷു ഉത്സവത്തിന് ദൈവത്താറീശ്വരനെ അനുഗമിക്കുന്ന കൈക്കോളന്മാരായി അടിക്ക്‌കുളിക്കുന്ന മാവിലാ വംശത്തിൽ പിറന്നവരൊ മക്കളായവരോ ആണ്. ദൈവത്താറീശ്വരൻ്റെ കോലധാരികലായി തിരുമുടി വെക്കുന്നതു മാവിലായി പെരുവണ്ണാൻമാരാണ്. തെയ്യംമ്പാടി നമ്പ്യാർ കളത്തിലരിയും പാട്ടും തേങ്ങമുട്ടും നടത്തുന്നു. മാരാൻമാർ വാദ്യവും മേൽശാന്തി ഉപക്ഷേത്രങ്ങളായ ‘ഇട’ ങ്ങളിൽ പൂജയും നടത്തുന്നു.

വിഷുഉത്സവാഘോഷങ്ങളുടെ ആരംഭമായി സംക്രമദിവസം വൈകിട്ട് കോല ധാരികളായ പെരുവണ്ണാൻമാർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ‘കാവിൽ കയറൽ’ അതിന് ശേഷം പെരുവണ്ണാൻമാർ എല്ലാ ഇടങ്ങളിലും ഇടംപൊലി നടത്തുന്നു. അന്ന് വൈകിട്ട് എല്ലാ പഴയ തറവാടുകളിലും വിഷു ഉത്സവത്തെ എതിരേൽക്കുന്ന തിനായി മുറ്റത്ത് കളം വരച്ച് അരിയിടുന്ന ചടങ്ങ് നടത്തുന്നു.

മേടം 1ന് പുലർച്ചെ ക്ഷേത്രത്തിനകത്ത് ഈശ്വരന് കണിവെക്കുന്നു. കണിവെ ക്കാനുള്ള സാധനങ്ങൾ നിടുമ്പ്രത്ത് തറവാട്ടിൽ നിന്നും അവകാശപ്പെട്ട തിയ്യപ മാണി കാവിലെത്തിക്കുന്നു. കുടകൾ കണിശനും തിരുവായുധങ്ങളും വില്ലുകളും കൊല്ലനും സംക്രമ ദിവസം എത്തിക്കുന്നു. ആവശ്യമായ മരസാമഗ്രികളുടെ അറ്റ കുറ്റപ്പണികൾ മാവിലായി ജന്മാശാരി നേരിട്ട് നിർവ്വഹിക്കുന്നു. മേടം ഒന്നിന് ഒന്നിട വിട്ട വർഷങ്ങളിൽ കുനിമ്മൽ, പാറേത്ത് ഇടങ്ങളിൽ മുടിവെക്കുന്നു. ശേഷം കോട്ടം ഇടം ഒഴികെയുള്ള എല്ലാ ഇടങ്ങളിലും ഈശ്വരൻ എത്തുന്നു. കുന്നോത്തിടം വഴി രാത്രി വൈകി ക്ഷേത്രത്തിലെത്തി വില്ലാട്ടം കഴിഞ്ഞ് മുടി അഴിക്കുന്നു. ശേഷം ക്ഷേത്രത്തിൽ അത്താഴപൂജകൾ നടക്കും.

ഒന്നാം തിയ്യതി അടിക്കുകുളിക്കുന്ന കൈക്കോന്മാർ വലിയവീട്ടിൽ അടുക്കള യിൽ വെച്ച് ഉണക്ക ചെമ്മീൻകറിയോടുകൂടിയ സദ്യ നല്‌കി കൊട്ടിലകത്ത് വിളിച്ചു കയറ്റി വലിയവീട്ടിൽ കാരണവർ മുണ്ട് നൽകി ഇളയകുർവാട് മൂത്തകുർവാട് എന്ന് പങ്കാളികളെ ജോഡിതിരിച്ച് കൂച്ച് തിരിച്ച് അയക്കുന്നു. ഇരുഭാഗത്തും തുല്ല്യ എണ്ണം കൈക്കോന്മാരെയാണ് നിശ്ചയിക്കുന്നത്. പങ്കാളിയെ തിരിച്ചതിൽ അപാകതയു ണ്ടെങ്കിൽ രണ്ടാം തിയ്യതി വലിയവീട്ടിൽ വെത്തില വെച്ച ശേഷം കാരണവർ ആവ ശ്യമായ മാറ്റം വരുത്തുന്നു.

രണ്ടാം ദിവസത്തെ തിരുമുടി എല്ലാവർഷവും കുന്നോത്തിടത്തിലാണ്. വില്ലാട്ടം കഴിഞ്ഞ് പോളപിടുത്തം എന്ന രസകരമായ ചടങ്ങ് കൈക്കോന്മാർ നടത്തുന്നു. തടർന്ന് ദൈവത്താർ പരിവാരങ്ങളോടെ കച്ചേരിക്കാവിലേക്ക് പുറപ്പെടുന്നു. വഴി നീളെ ഭക്തജനങ്ങൾ അരിത്തറ ഒരുക്കി ദൈവത്താറീശ്വരനെ എതിരേൽക്കുന്നു. കൈക്കോന്മാർക്ക് നേർച്ചയായി പാനകം നൽകുന്നു. ഒരു നല്ല ഔഷധകൂട്ടാണ് ഈ പാനീയം. ഇടക്കിടെ യാത്രാവഴിയിൽ ‘തിക്കൽ’ (കൈക്കോന്മാർതോളോടു തോൾ ചേർന്നു നടത്തുന്ന ബലപരീക്ഷണ പ്രദർശനം) ചടങ്ങും നടത്തുന്നു. ഇളവന അരി ത്തറവഴി കാടാച്ചിറയിലും അവിടെ നിന്ന് ഒരികര പടിഞ്ഞാറെകര വഴി കച്ചേരിക്കാ വിൽ എത്തും. കച്ചേരിക്കാവിൽ വില്ലാട്ടം കഴിഞ്ഞ് വണ്ണാത്തിക്കണ്ടി തറവാട്ടുകാർ സമർപ്പിച്ച അവിൽക്കൂട് കോവിലകത്ത് ഇല്ലത്ത് തങ്ങൾ കൈക്കോന്മാർക്ക് നേരെ അടിക്കണ്ടത്തിലേക്ക് എറിഞ്ഞുകൊടുക്കുന്നു. ഈ അവിൽ കൂടിനായി ഭക്തജന ങ്ങൾ രണ്ട് ഭാഗങ്ങളായി പിരിഞ്ഞ് പിടിവലി നടത്തി അവിൽ കൂട് കൈവശപ്പെടു ത്തുന്നവർ വിജയികളാകുന്നു. അതിന് ശേഷം കൈക്കോന്മാരെ ചെറുപ്പക്കാർ ചുമ ലിലേറ്റി അടിയുത്സവം നടത്തുന്നു. അടി വാശിയേറി ഇരുവശത്തും തുടരുമ്പോൾ ദൈവത്താറീശ്വരൻ ഇടപെട്ട് ചടങ്ങ് അവസാനിപ്പിക്കും. തുടർന്ന് ഈശ്വരനും പരിവാരങ്ങളും മാവിലാക്കാവിലേക്ക് തിരിക്കുന്നു.

മേടം മൂന്നാം തിയ്യതി ഒന്നിടവിട്ട വർഷങ്ങളിൽ കുനിമ്മൽ ഇടത്തിലോ പാറേ ത്തിടത്തിലോ മുടിവെക്കുന്ന ചടങ്ങുകൾ കഴിഞ്ഞ്, മോച്ചേരി ഇടവഴി, വയൽ, ആറാ ട്ടുതറ, ചാത്തോട് ഇട എന്നിവിടങ്ങളിൽ ‘തിക്കൽ’ നടക്കുന്നു. നാലാം ദിവസം ‘അടി’ നടക്കുന്ന നിലാഞ്ചിറ വയലിൽ ‘അടിക്കണ്ടം ചുഴിയൽ’ എന്ന ചടങ്ങും ഇതി നിടയിൽ നടക്കും.

മേടം നാലിന് കുന്നോത്തിടത്തിലാണ് എല്ലാ വർഷവും തിരുമുടി. വില്ലാട്ടം കഴി ഞ്ഞതിന് ശേഷം ജനങ്ങളെ അനുഗ്രഹിച്ച് ക്ഷേത്രത്തിലേക്കു യാത്രയാകുന്ന ദൈവത്താർ ‘ക്ഷേത്ര നടപാഞ്ഞുകയറൽ’ എന്ന ഭക്തിനിർഭരമായ ചടങ്ങ് നടത്തു ന്നു. ക്ഷേത്രത്തിൽ മുടിയഴിച്ച ശേഷം കൈക്കോളന്മാർ ‘അടിപ്പണം’, വാങ്ങി വിശ്രമ കേന്ദ്രങ്ങളായ പന്നീങ്ങലും (മൂത്തകൂർവാടും) കാവുംതാഴെ (ഇളയകുർവാട്) എത്തി കച്ചമുറുക്കിയശേഷം നിലാഞ്ചിറ അടിക്കണ്ടത്തിലേക്ക് പോകും. പതിനായി രങ്ങളെ സാക്ഷിയാക്കി നിലാഞ്ചിറ വയലിൽ അടിയുത്സവം ചടങ്ങ് നടക്കുന്നു. ഇവിടെ അടിനിയന്ത്രിക്കുന്നത് വലിയവീട്ടിൽ കാരണവരാണ്.

മേടം അഞ്ചിന് ഒന്നിടവിട്ട വർഷങ്ങളിൽ കുനിമ്മൽ ഇടത്തിലും കുന്നോത്തിട ത്തിലും ആയിട്ടായിരിക്കും തിരുമുടി. അഞ്ചാം ദിവസത്തിലെ ചടങ്ങുകൾ വാർദ്ധക്യ ഭാവത്തിലുള്ളതായിരിക്കും. അഞ്ച് ദിവസത്തെയും മുഖത്തെഴുത്തിൽ ബാല്യ, കൗമാര, യൗവ്വന, മദ്ധ്യ ഭാവങ്ങൾ ദൈവത്താറീശ്വരൻ്റെ കെട്ടിയാടിക്കലിൽ പ്രകടമാ യിരിക്കും. കാവിലെ ചടങ്ങുകൾക്ക് ശേഷം മുടി അഴിച്ച് ‘മഞ്ഞക്കുറി എറിയൽ’ എന്ന ഭക്തിനിർഭരവും രസകരവുമായ ചടങ്ങ് നടക്കുന്നു. ഉത്സവദിവസങ്ങളിൽ തന്നോടൊപ്പം ഉണ്ടായിരുന്ന കൈക്കോന്മാരെ പിരിച്ചയക്കുന്ന ചടങ്ങാണിത്. മേടം 6 പുലർച്ചെ ആറാട് ഉത്സവമാണ്. കാവിൽ നിന്നും വേട്ടക്കൊരുമകന്റെയും ദൈവത്താ റീശ്വരന്റെയും ഇരട്ടതിടമ്പുനൃത്തമായി വാദ്യഘോഷങ്ങളോടെ തീവെട്ടികളുമായി മൂന്നുപെരിയക്കടുത്ത ആറാട്ട് തറയിലേക്ക് പുറപ്പെടുന്നു. തീവട്ടി പന്തം പിടിക്കു ന്നത് കുലാല നായരും, സത്യാക്കുട പിടിക്കുന്നത് ഊരാളി നായരും, പള്ളിയ ന്തോളം പിടിക്കുന്നതും വിളക്കെണ്ണ കൊണ്ടുവരുന്നത് വാണിയ നായരുമാണ്. ആറാട്ട് തറയിലും തിരിച്ചെത്തി കാവിലും തിടമ്പു നൃത്തം നടത്തുന്നു. തുടർന്ന് ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ ക്ഷേത്ര കുളത്തിൽ ആറാട്ട് നടക്കുന്നു. ആറാട്ട് കഴിഞ്ഞ് അടി കൈക്കോളന്മാർ ഇളയകുർവാട് മുത്തകുർവാട് ക്ഷേത്ര ത്തിന്റെ കിഴക്ക് ഭാഗം വെച്ച് പ്രത്യേകം പ്രത്യേകം ചോറൂണ് നടത്തി വ്രതം മുറിക്കു ന്നു. ആറാം തിയ്യതി രാത്രി ചുറ്റുവിളക്ക് മേടം പത്തിന് കൈക്കോന്മാരുടെ വക യായി പായസം എന്നിവ നടക്കുന്നു.

ക്ഷേത്രാചാരങ്ങളും അനുഷ്‌ഠാനങ്ങളും മുറതെറ്റാതെ നടത്തുകയും ദൈവ ത്താറീശ്വരന്റെ കോലം കെട്ടിയാടുകയും ചെയ്യുന്ന പ്രത്യേക ആചാരങ്ങൾ നട ക്കുന്ന നിത്യ പൂജയോടുകൂടിയ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ മാവിലാ ക്കാവ് ക്ഷേത്രം