അടിയുത്സവം

കച്ചേരിക്കാവില്‍ ബ്രാഹ്മണന്‍ ഈഴവപ്രമാണിയില്‍ നിന്നു അവില്‍പ്പൊതി വാങ്ങി തിങ്ങിനിറഞ്ഞ പുരുഷാരത്തിന് നടുവിലേക്ക് എറിഞ്ഞുകൊടുക്കുന്നു. അവില്‍ക്കൂടിനായി അടി തുടങ്ങുന്നു. 'മൂത്തകുര്‍വ്വാട്', 'ഇളയ കുര്‍വ്വാട്' എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് അടി. കൈക്കോളന്‍മാര്‍ ആളുകളുടെ ചുമലില്‍ കയറി അന്യോന്യം പൊരുതുന്നു.
കച്ചേരിക്കാവിലും നിലാഞ്ചിറ വയലിലും അടി അരങ്ങേറുന്നതിനെപ്പറ്റി ഐതീഹ്യങ്ങളുണ്ട്. അതില്‍ ഒന്ന് ഇങ്ങനെ : ഇന്നത്തെ കടമ്പൂര്‍ അംശത്തിലെ 'ഒരികര' എന്ന പ്രദേശത്തെ കച്ചേരി ഇല്ലത്താണ്, ചെമ്പകശ്ശേരി കോവിലകത്ത് തമ്പുരാനും കുടുംബവും താമസിച്ചിരുന്നത്. ആചാരപ്രകാരം വിഷുപുലരിയില്‍ ഈഴവപ്രമാണിയായ 'വണ്ണാത്തിക്കണ്ടി തണ്ടയാന്‍' തമ്പുരാന് അവില്‍പ്പൊതി കാഴ്ചവെയ്ക്കുന്ന പതിവുണ്ടായിരുന്നു.
തണ്ടയാന്‍ കാഴ്ചവെച്ച അവില്‍പ്പൊതിക്കായി തമ്പുരാന്റെ രണ്ടു മക്കളും തമ്മില്‍ ഉന്തും തള്ളും അടിയുമായി. കളി കാര്യമായതു കണ്ട് തമ്പുരാന്‍ തന്റെ കുലദൈവമായ ദൈവത്താറെ വിളിച്ച് ധ്യാനിച്ചു. ദൈവത്താര്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, ദൈവത്തിന് കുട്ടികളുടെ ഈ വികൃതിയില്‍ കൗതുകം തോന്നുകയും അല്‍പ്പസമയം അത് കണ്ട് രസിക്കുകയും ചെയ്തു. തുടര്‍ന്ന് അടി അവസാനിപ്പിക്കാന്‍ പറഞ്ഞു. ദേവപ്രീതിക്കായി എല്ലാ വര്‍ഷവും അടിയുത്സവം നടത്താന്‍ അരുളിച്ചെയ്യുകയും ചെയ്തു. മറ്റൊരു ഐതീഹ്യം : മാവിലാക്കാവിലെ ദൈവത്താര്‍ തന്റെ ഉപക്ഷേത്രമായ കച്ചേരിക്കാവിലും അതിനടുത്തുള്ള ഇല്ലത്തും നിത്യസന്ദര്‍ശകനായിരുന്നു. ഇല്ലത്തുവെച്ച് രണ്ട് നമ്പ്യാര്‍ സഹോദരങ്ങളുമായി സൗഹൃദം പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഒരുനാള്‍ ഇല്ലത്തെ നമ്പൂതിരിക്ക് കാഴ്ചയായി ഈഴവപ്രമാണി ഒരു അവില്‍പ്പൊതി കാഴ്ചവെച്ചു. അവില്‍പ്പൊതി നമ്പൂതിരി ആ നമ്പ്യാര്‍ സഹോദരങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തു. അവില്‍പ്പൊതിക്കായി അവര്‍ ഇരുവരും ഉന്തും തള്ളും അടിയുമായി. കണ്ടുനിന്ന ദൈവത്താര്‍ ഇരുവരെയും പ്രോത്സാഹിപ്പിച്ചു. അടി കാര്യമായതോടെ അത് അവസാനിപ്പിക്കാന്‍ ദൈവത്താര്‍ ആവശ്യപ്പെട്ടു. ഒടുക്കം ഒരാള്‍ അവില്‍പ്പൊതി കൈക്കലാക്കി. ഇരുവരുടെയും മനസില്‍ പകയുണ്ടായിരുന്നു. മേടം നാലിന് നിലാഞ്ചിറ വയലില്‍ വെച്ച് ആദ്യ അടിയുടെ തുടര്‍ച്ച നടന്നു. ഈ ചടങ്ങില്‍ ദൈവത്താര്‍ ഉണ്ടാകാറില്ല.